ഈ വർഷത്തെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ
പ്രവർത്തക നർഗീസ് മൊഹമ്മദിക്ക്. ഇറാനിലെ സ്ത്രീകൾക്കായി നിരന്തരം പോരാടുകയും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇവർ പല കേസുകളിലായി 13 തവണ അറസ്റ്റിലായി 31 വർഷം ജയിൽശിക്ഷ അനുഭവിച്ചു. ഇപ്പോഴും മനുഷ്യാവകാശ പ്രവർത്തനത്തിന്റെ ഭാഗമായി തടവറയിലാണ് നർഗീസ്. ഇറാനിൽ കത്തിപ്പടർന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെയും മുന്നണി പോരാളിയായിരുന്നു അവർ.
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കുന്ന 19 മത്തെ വനിതയാണിവർ.
‘ഇറാനിലെ സ്ത്രീപീഡനങ്ങൾക്കെതിരായ പോരാട്ടവും, മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പുമാണ് നർഗീസിനെ സമാധാന നൊബേൽ അംഗീകാരത്തിന് അർഹയാക്കിയതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു. നിലവിൽ രാജ്യ സുരക്ഷയ്‌ക്കെതിരായ നടപടിയും ഭരണകൂടത്തിനെതിരായ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് നർഗീസിനെ ഇറാനിയൻ സർക്കാർ ജയിലിൽ അടച്ചിരിക്കുന്നത്. ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ ഡെപ്യൂട്ടി ഹെഡ് കൂടിയാണ് നർഗീസ് മൊഹമ്മദി.
2003-ലെ സമാധാന നൊബേൽ ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള സർക്കാരിതര സംഘടനയാണിത്.















