ഭോപ്പാൽ: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴിൽ 219 കോടി രൂപയുടെ ഗ്യാസ് റീഫിൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ഗ്യാസ് റീഫിൽ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്. 450 രൂപ നിരക്കിലാണ് ഗാർഹിക ഗ്യാസ് സിലിണ്ടർ ലഭ്യമാകുക. ഈ പദ്ധതിയിലൂടെ 36 ലക്ഷം സ്ത്രീകൾക്കാണ് പ്രയോജനം ലഭിക്കുന്നത്.
രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തിൽ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു. സ്ത്രീകൾക്ക് 35 ശതമാനം സംവരണം നൽകുന്നുണ്ട്. ലാഡ്ലി ലക്ഷ്മി യോജന, ലാഡ്ലി ബഹ്ന യോജന തുടങ്ങിയ നിരവധി പദ്ധതികൾ സ്ത്രീകൾക്കായി നടപ്പിലാക്കി.
ലാഡ്ലി ബഹ്ന യോജനയുടെ ഏറ്റവും പുതിയ ഗഡു ഒക്ടോബർ നാലിന് സംസ്ഥാന സർക്കാർ കൈമാറി. 1.31 കോടി സ്ത്രീകളാണ് ഈ സംരംഭത്തിൽ പങ്കാളികളായിട്ടുള്ളത്. ബാക്കിയുള്ള സ്ത്രീകളെ പദ്ധതിയിലേക്ക് ഉടൻ ചേർക്കും. ഉജ്ജ്വല യോജനയിലൂടെയും ലാഡ്ലി ബഹ്ന യോജനയിലൂടെയും 36 ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 219 കോടി രൂപ നിക്ഷേപിക്കും. ഇതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.















