ശരീരം പുഷ്ടിപ്പെടുത്താൻ സ്റ്റിറോയ്ഡ് ഉപയോഗിച്ചിരുന്നതായി വെളുപ്പെടുത്തി ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്നും കളിയാക്കലുകളിൽ നിന്ന് മുക്തി നേടാനാണ് സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചിരുന്നതെന്നും താരം പറഞ്ഞു. ബോളിവുഡ് നായക സങ്കൽപ്പത്തിന് തന്റെ ശരീരം ഇണങ്ങുന്നതെല്ലന്ന് തോന്നിയിരുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
തുടർച്ചയായി ശരീരഭാരം കുറയുന്ന ഹൈപ്പർ മെറ്റാബോളിക് ആയിട്ടുള്ള ആളായിരുന്നു താനെന്നും എന്ത് കഴിച്ചാലും ശരീരം മെലിയുകയായിരുന്നു. കൗമാരകാലത്ത് സുഹൃത്തുക്കളിൽ പലരും ജിമ്മിൽ അതികഠിനമായ വ്യായമങ്ങൾ ചെയ്തിരുന്നു. എന്നാൽ അന്ന് തനിക്ക് അതിന് പറ്റുന്ന വിധത്തിലുള്ള ശരീരമായിരുന്നില്ല. ആരോഗ്യം അതിന് അനുവദിച്ചിരുന്നില്ല. ചുറ്റുമുള്ളവർ മസിൽ പെരുപ്പിച്ച് നടന്നപ്പോൾ താൻ ‘എസ്’ അളവിലുള്ള ടീ-ഷർട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. എപ്പോഴും അയഞ്ഞ് തൂങ്ങിയ ശരീരമായിരുന്നു തനിക്കെന്നും താരം പറയുന്നു.
‘ജാനേ തു യാ ജാനേ നായിലെ ജയ് സിംഗ് റാത്തോർ എന്ന കഥാപാത്രം ചെയ്യുന്നതിന് താൻ പര്യാപ്തനല്ലെന്ന് തോന്നിയിരുന്നു. അതുകൊണ്ട് സിനിമയിൽ ഉടനീളം കട്ടിയുള്ള വസ്ത്രം ധരിച്ചു. അടുത്ത ചിത്രത്തിലും ശരീര പുഷ്ടിയുള്ള കഥാപാത്രത്തെയായിരുന്നു സംവിധായകന് ആവശ്യം. ‘കിഡ്‌നാപ്പ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് താൻ ജിമ്മിൽ പോയത്. അന്ന് മുതലാണ് ബോി ബിൽഡിംഗ് ആരംഭിച്ചതെന്നും താരം പറഞ്ഞു.
ശരീരം കെട്ടിപ്പടുക്കാനായി എന്തും ചെയ്യുന്ന അവസ്ഥയിലായിരുന്നു താനെന്നും അത്രമാത്രം ക്രൂരമായ കമന്റുകളാണ് ചുറ്റിൽ നിന്നും ലഭിച്ചതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വർക്ക് ഔട്ടിന് പുറമേ സ്റ്റിറോയ്ഡും പോഷകാഹാരവും കഴിച്ചിരുന്നതായും താരം വെളിപ്പെടുത്തി. ദിവസവും ആറ് നേരം ഭക്ഷണം കഴിക്കും. കോഴിയിറച്ചിയുടെ മാംസളമായ ഭാഗം, മുട്ടയുടെ വെള്ള, മധുരക്കിഴങ്ങ്, ഓട്‌സ് എന്ന് തുടങ്ങിയ 4000 കലോറിയുടെ ആഹാരമാണ് ദിനംപ്രതി കഴിച്ചിരുന്നത്. എന്നിട്ടും സ്‌ക്രീനിൽ കാണുന്ന നായകന്മാർക്കൊപ്പം എത്താൻ കഴിഞ്ഞില്ല. പിന്നീട് പ്രോട്ടീൻ, ക്രിയാറ്റിൻ, ല്യൂസിൻ, ഗ്ലൂട്ടാമൈൻ, എൽ-കാർനിറ്റൈൻ അനാബോളിക് സ്റ്റിറോയിഡുകൾ പോലും നൽകേണ്ടി വന്നതായി താരം വ്യക്തമാക്കി.
സ്റ്റിറോയിഡുകളെക്കുറിച്ചുള്ള മിഥ്യാധാരണ തകർക്കാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ സ്റ്റിറോയിഡുകൾ കഴിക്കുന്നതിനെക്കുറിച്ച് ഇത്ര തുറന്ന് സംസാരിക്കുന്നതെന്ന് ഇമ്രാൻ പറഞ്ഞു. സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് നിർത്തിയെന്നും ഇപ്പോൾ വാൽനട്ട്, മഞ്ഞൾ തുടങ്ങിയ പ്രകൃതിദത്ത സപ്ലിമെന്റുകൾ മാത്രമാണ് കഴിക്കുന്നതെന്നും 40-കാരൻ പറഞ്ഞു.
എന്താണ് സ്റ്റിറോയിഡുകൾ?
പേശികളുടെ ശക്തിയും വലുപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ സിന്തറ്റിക് രൂപമാണ് അനാബോളിക്-ആൻഡ്രോജെനിക് സ്റ്റിറോയിഡുകൾ അല്ലെങ്കിൽ എഎഎസ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ പേശികൾ, രോമകൂപങ്ങൾ, അസ്ഥികൾ, കരൾ, വൃക്കകൾ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ സ്റ്റിറോയിഡുകൾ ബാധിക്കുന്നു. ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോൺ ആണെങ്കിലും സ്ത്രീകളിലും ചെറിയ അളവിൽ കാണപ്പെടുന്നു.
സാധാരണയായി പുരുഷന്മാരിൽ 300-1,000 ng/dL വരെയും സ്ത്രീകൾക്ക് 15-70 ng/dL വരെയും ആണ് ടെസ്റ്റോസ്റ്റിറോൺ അളവ്. എന്നാൽ സ്റ്റിറോയിഡുകൾ കഴിക്കുന്നത് വഴി ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. തൽഫലമായി പേശികളുടെ ശക്തിയും വലുപ്പവും വർദ്ധിക്കുന്നു.
പാർശ്വഫലങ്ങൾ
1) പഠനങ്ങൾ അനുസരിച്ച് വ്യായാമത്തിന്റെ ഭാഗമായി എഎഎസ് ഉപയോഗിക്കുമ്പോൾ ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിന്റെ വലുപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും ഇത് കാരണമാകും. ക്രമേണ ഇത് ഹൃദ്രോഗ സാദ്ധ്യത വർദ്ധിപ്പിക്കും. തുടർച്ചയായുള്ള സ്റ്റിറോയ്ഡ് ഉപയോഗം മരണത്തിലേക്ക് പോലും നയിച്ചേക്കാം.
2) സ്റ്റിറോയ്ഡ് ഉപഭോഗം കൗമാരക്കാരിലും മുതിർന്നവരിലും ഒരേ പോലെ അക്രമ സ്വഭാവം വർദ്ധിപ്പിക്കും. കാര്യങ്ങൾ ചിന്തിക്കാതെ എടുത്ത് ചാടി ഓരോ പ്രവൃത്തി ചെയ്യുന്നവരിൽ പലരും സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവരാണെന്നാണ് പഠനങ്ങൾ പറയുന്നത്.
3) എഎഎസ് ഉപയോഗം കരളിനെ ബാധിക്കും.
4) എഎഎസിന്റെ ഉപഭോഗം ഹൈപ്പോഗൊനാഡിസത്തിന് കാരണമാകും. ലൈംഗിക ഗ്രന്ഥികൾ വളരെ കുറച്ച് മാത്രം ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പോഗൊനാഡിസം. ചിലപ്പോൾ ഹോർമോൺ ഉത്പാദനം മുഴുവനായും ഉത്പാദനം നിർത്തുന്ന അവസ്ഥയിലേക്കും നയിക്കും. വൃഷ്ണങ്ങൾ ചുരുങ്ങി പ്രവർത്തനം കുറയുകയാണ് ഈ അവസ്ഥയിൽ സംഭവിക്കുന്നത്.
5) സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നത് വഴി ബീജ ഉത്പാദനം കുറയ്‌ക്കുകയും അതുവഴി വന്ധ്യതയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു