ഹാങ്ചോ: സെഞ്ച്വറി മെഡൽ നേട്ടം- ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ലക്ഷ്യം അതായിരുന്നു. ആ ലക്ഷ്യം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ഭാരതം. ഇതുവരെ 95 മെഡലുകൾ നേടിയ ടീം ഇന്ത്യയ്‌ക്ക് മെഡലുറപ്പിച്ച മത്സരങ്ങൾ ഇനിയുമുണ്ട്.
ഇതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസിൽ മെഡൽവേട്ടയിൽ സെഞ്ച്വറി തികയ്‌ക്കും. പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടിയതോടെ ആകെ മെഡല്‍ നേട്ടം 95-ൽ എത്തി. ഇനി അമ്പെയ്‌ത്തിലും കബഡിയിലും ക്രിക്കറ്റിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യയ്‌ക്ക് ഉറച്ച മെഡലുകളുണ്ട്.
അമ്പെയ്‌ത്ത് പുരുഷ വിഭാഗത്തില്‍ ഇന്ത്യ രണ്ട് മെഡലാണ് ഉറപ്പിച്ചിരിക്കുന്നത്. കലാശപ്പോരിൽ ഏറ്റുമുട്ടുക ഇന്ത്യൻ താരങ്ങളായ അഭിഷേക് വര്‍മയും ഓജസ് പ്രവീണ്‍ ദിയോതാലെയുമാണ്. ഇതോടെ സ്വർണവും വെള്ളിയും ഇന്ത്യയിൽ എത്തും.
ശനിയാഴ്ചയാണ് മത്സരം. അന്നുതന്നെ അമ്പെയ്‌ത്ത് വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ ജ്യോതി സുരേഷ വെന്നം മത്സരിക്കുന്നുണ്ട്. ഇതിലും മെഡലുറപ്പായി.
ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം സെമിയിലെത്തിയിട്ടുണ്ട്. സെമിയില്‍ പരാജയപ്പെട്ടാലും ടീം വെങ്കലം ഉറപ്പിക്കും.
കബഡിയില്‍ പുരുഷ-വനിതാ ടീമുകള്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഈ രണ്ട് മത്സരങ്ങളിലും മെഡലുറപ്പാണ്.ക്രിക്കറ്റിലും ഫൈനലിൽ എത്തുന്നതോടെ 102 മെഡൽ നേടി ഇന്ത്യ ലക്ഷ്യം മറികടുക്കും.
ഗുസ്തി, വനിതാ ഹോക്കി, ചെസ്, സോഫ്റ്റ് ടെന്നീസ്, തുഴച്ചില്‍, റോളര്‍ സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. 22 സ്വര്‍ണവും 34 വെള്ളിയും 39 വെങ്കലവുമാണ് ഇതുവരെ ഇന്ത്യ നേടിയിരിക്കുന്നത്.















