കാസർകോട്: കെഎസ്എഫ്ഇ കാസർകോട്, മാലക്കല്ല് ശാഖയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇസ്‌മെയിലിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ചിട്ടി തട്ടിപ്പ് നടത്തിയത്. 70 ലക്ഷം രൂപയുടെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ശാഖാ മാനേജർ രാജപുരം പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇസ്‌മെയിൽ കുടുങ്ങിയത്.
2019 ഒക്ടോബർ 30-നാണ് മാലക്കല്ല് ശാഖയിൽ ഇസ്‌മെയിലും സ്ത്രീകളും ഉൾപ്പെടെയുള്ള എട്ടംഗ സംഘം ആധാരങ്ങൾ ഹാജരാക്കി വിവിധ ചിട്ടികളിൽ നിന്നും 70 ലക്ഷം രൂപ വിളിച്ചെടുത്തത്. പിന്നീട് തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തെളിയുന്നത്. ഇതോടെ ഇസ്‌മെയിൽ പോലീസിന്റെ പിടിയിലാകുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി ഇയാൾ അപേക്ഷിച്ചെങ്കിലും ഹൈക്കോടതി അത് തള്ളികളഞ്ഞു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇസ്‌മെയിലിനെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.