ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ച പുരുഷ വിഭാഗം ഹോക്കി ടീമിലെ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ”ഏഷ്യൻ ഗെയിംസിലെ ഹോക്കി മത്സരത്തിൽ സ്വർണം നേടിയതിൽ ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ടീമിലെ എല്ലാ താരങ്ങളെയുമോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങളുടെ അർപ്പണ ബോധവും കഠിനധ്വാനവും ഇന്ത്യക്ക് ചരിത്ര വിജയമാണ് സമ്മാനിച്ചിരിക്കുന്നത്.”- യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ തകർത്താണ് ഇന്ത്യ 23-ാം സ്വർണം സ്വന്തമാക്കിയത്. 5-1 എന്ന സ്‌കോറോടെയാണ് ഇന്ത്യ ജപ്പാനെ നിലംപരിശാക്കിയത്. മലയാളി താരം പി.ആർ ശ്രീജേഷാണ് ഇന്ത്യക്ക് വേണ്ടി ഗോൾവല കാത്തത്. നായകൻ ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകളും മൻപ്രീത് സിംഗ്, രോഹിദാസ്, അഭിഷേക് എന്നിവർ ഒരോ ഗോളും നേടി. ഇതോടെ 2024-ലെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യതയും പുരുഷ ടീം സ്വന്തമാക്കി.















