ഹൈദരാബാദ്: നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കവെ തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസിന് കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്നും പ്രധാന നേതാക്കന്മാരുടെയും നിയമസാഭാംഗങ്ങളുടെയും കൊഴിഞ്ഞുപോക്ക് ശക്തമായി. രണ്ട് മുതിർന്ന നേതാക്കളും ഒരു എംഎൽസിയും ഒരു സിറ്റിംഗ് നിയമസഭാംഗവും പാർട്ടി വിട്ടു.
ഖാനാപൂരിൽ നിന്നുള്ള നിയമസഭാംഗമായ അജ്മീര രേഖ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിൽ അജ്മീര രേഖ അതൃപ്തിയിലായിരുന്നു. 12 വർഷമായി താൻ ബിആർഎസിനെ സേവിക്കുന്നുവെന്നും താൻ ചെയ്ത സേവനങ്ങൾ ജനങ്ങളോട് പറയുമെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടിയെ വഞ്ചിച്ചിട്ടില്ല, എന്നാൽ പാർട്ടി തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എംഎൽസി കാസിറെഡ്ഡി നാരായണ റെഡ്ഡി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് പാർട്ടി തനിക്ക് മത്സരിക്കാൻ അവസരം നൽകിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കോൺഗ്രസിൽ ചേരാൻ അനുയായികൾ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.















