ന്യൂഡൽഹി: ടാൻസാനിയൻ വിദേശകാര്യ മന്ത്രി ജനുവരി മകാംബയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ടാൻസാനിയൻ പ്രസിഡന്റ് സാമിയ ഹസന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യ-ടാൻസാനിയ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. വ്യാപാര-നിക്ഷേപങ്ങൾ വിപുലീകരിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ടാൻസാനിയൻ വിദേശകാര്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ദ്വിദിന സന്ദർശനത്തിനായാണ് ടാൻസാനിയ പ്രസിഡന്റ് സാമിയ ഹസൻ ഇന്ത്യയിലെത്തുന്നത്. ഒക്ടോബർ എട്ട് മുതൽ 10 വരെയാണ് ഇന്ത്യ സന്ദർശിക്കുക. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരമാണ് ടാൻസാനിയൻ പ്രസിഡന്റും പ്രതിനിധി സംഘവും ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സാമിയ ഹസൻ കൂടിക്കാഴ്ച നടത്തും.
രാഷ്‌ട്രപതി ഭവന്റെ അങ്കണത്തിൽ ടാൻസാനിയൻ പ്രസിഡന്റിനും സംഘത്തിനും വിപുലമായ സ്വീകരണമാണ് ഒരുക്കുന്നത്. ഡൽഹിയിൽ സംഘടിപ്പിക്കുന്ന ബിസിനസ്, നിക്ഷേപ സെമിനാറിൽ പ്രസിഡന്റ് സാമിയ ഹസൻ പങ്കെടുക്കും. ടാൻസാനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിലൂടെ ഇന്ത്യയും ടാൻസാനിയയും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.