തിരുവനന്തപുരം: പാറോട്ടുകോണം കരിയം റോഡ് ഐശ്വര്യ നഗറിൽ റോഡ് തകർന്ന് ഭീമൻ ഗർത്തം രൂപപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് അപകടം. രാവിലെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. ഒരു വർഷം മുമ്പായിരുന്നു റോഡ് പണി നടന്നിരുന്നതെന്നും തലനാരിഴയ്‌ക്കാണ് വലിയൊരു അപകടം ഒഴിവായതെന്നും പ്രദേശവാസികൾ പറയുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കിടക്കുന്നതിനാൽ സമീപത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കരിയം റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇടവക്കോട്-നാലാഞ്ചിറ വാർഡുകളുടെ മദ്ധ്യത്തിൽ പാലത്തിനോട് ചേർന്നുള്ള റോഡാണ് തകർന്നിരിക്കുന്നത്.