ന്യൂഡൽഹി: ഗഗൻയാൻ ദൗത്യത്തിനായുള്ള ആളില്ലാ വിമാനത്തിന്റെ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയുടെ അബോർട്ട് ടെസ്റ്റ് ഈ മാസം അവസാനം നടക്കുമെന്നും ഇസ്രോ അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇസ്രോ ഇത് പറഞ്ഞത്.
ഇതിന്റെ ഒരുക്കങ്ങൾ നടക്കുകയാണ്. ഈ അബോർട്ട് ദൗത്യത്തിനായി വികസിപ്പിച്ചെടുത്ത സിംഗിൾ ലിക്വിഡ് റോക്കറ്റാണ് ടെസ്റ്റ് വെഹിക്കിളായ ടിവി-ഡി1. പേലോഡുകളിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും ഉൾപ്പെടുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തുക. ഗഗൻയാൻ ദൗത്യത്തിനിടെ ബഹിരാകാശയാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂൾ 17 കിലോമീറ്റർ ഉയരത്തിൽ എത്തിയതിന് ശേഷം വേർപെടുത്തും. തുടർന്ന് അബോർട്ട് സീക്വൻസ് നടക്കുകയും പാരച്യൂട്ടുകൾ വിന്യസിക്കുകയും മൊഡ്യൂൾ കടലിൽ തെറിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യൻ നേവിയുടെ കപ്പലും ഡൈവിംഗ് ടീമും ഉപയോഗിച്ച് ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുമെന്ന് ഇസ്രോ അറിയിച്ചു. ഈ ഫ്‌ലൈറ്റ് ടെസ്റ്റ് ഗഗൻയാൻ ദൗത്യത്തിന് നിർണായകമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് പദ്ധതിയുടെ പ്രധാന സുരക്ഷാ സവിശേഷതയെ പരീക്ഷിക്കുന്നതാണ്.















