അധിനിവേശ ജീവികൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്നത് വലിയ പ്രത്യാഘാതമെന്ന് ഇന്റർ ഗവൺമെന്റൽ പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസ് . അധിനിവേശ ജീവികൾ ആഗോളതലത്തിൽ പ്രകൃതിക്ക് സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് ഐപിബിഇഎസ് റിപ്പോർട്ടിൽ വിശദമായി പറയുന്നു.
ലോകത്ത് വ്യാപിച്ചിട്ടുള്ള അധിനവേശ ജീവികളിൽ 3,500 ലധികം അധിനിവേശജീവിവർഗങ്ങളെയാണ് ദോഷകരമായ ആക്രമണാത്മക അധിനിവേശ ജീവിവർഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ആക്രമണാത്മക അധിനിവേശ ജീവിവർഗ്ഗങ്ങളെക്കുറിച്ചുള്ള ആഗോള വിലയിരുത്തലിന്റെ ആവശ്യകതയെക്കുറിച്ചുള്ള മുൻ ഐപിബിഇഎസ് ഉച്ചകോടികളിലെ തീരുമാനത്തെ തുടർന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട് പുറത്തിറക്കിയത്..
ഈ റിപ്പോർട്ട് പ്രകാരം 2019 ൽ അധിനിവേശ ജീവികൾ മൂലമുള്ള ആഗോള സാമ്പത്തിക ആഘാതം പ്രതിവർഷം ഏതാണ്ട് 423 ബില്യൺ ഡോളറിന് മുകളിലാണ്. ഈ റിപ്പോർട്ട് അനുസരിച്ച് 1970 മുതൽ ഓരോ പതിറ്റാണ്ടിലും അധിനിവേശ ജീവികൾ മൂലമുള്ള സാമ്പത്തിക ആഘാതം ഏതാണ്ട് നാലുമടങ്ങ് വീതമാണ് വർധിച്ചത്.മനുഷ്യ ഇടപെടലിലൂടെ മാത്രം ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്കും ജൈവആവാസവ്യവസ്ഥകളിലേക്കും 37,000 അധിനിവേശ സ്പീഷിസുകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഓരോ വർഷവും 200 പുതിയ അധിനിവേശ ജീവിവർഗങ്ങളാണ് മനുഷ്യരുടെ ഇടപെടലിലൂടെ മാത്രം വ്യാപിക്കുന്നത്.
മുതിർന്ന ഗവേഷകയായ അൻകില ഹയർമത്ത് ചൂണ്ടിക്കാട്ടുന്നത് ലാന്റനാ കാൻബറാ എന്ന വള്ളിച്ചെടിയാണ്. തെക്കേ അമേരിക്കൻ സ്വദേശിയായ ഈ ചെടി ഇന്ന് കർണ്ണാടകത്തിലെ കർഷകരുടെ തലവേദനയാണ്. പ്രത്യേകിച്ചും സൊലിഗാ എന്ന വിഭാഗത്തിൽ പെടുന്ന ആദിവാസികൾക്കിടയിൽ. ഇവരുടെ പ്രധാന വരുമാനമായ നെല്ലികൃഷിയെ സാരമായി ബാധിക്കുകയും നെല്ലിക്കയുടെ ഉത്പാദനത്തിൽ വലിയ കുറവും വരുത്തുകയും ചെയ്തിരിക്കുന്നത് ലാന്റനാ കാൻബറാ എന്ന ചെടിയാണ്.
കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന കമ്യൂണിസ്റ്റ് പച്ചയും അധിനിവേശ സസ്യമാണ് . ഇത് കൂടാതെ പല തരത്തിലുള്ള കുളവാഴകൾ, ധൃതരാഷ്‌ട്ര പച്ച പോലുള്ള പടർന്ന് കയറുന്ന വള്ളിച്ചെടികൾ എല്ലാം കേരളത്തിൽ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ അധിനിവേശ സസ്യങ്ങളാണ്. ഇതിൽ പലതും സ്വാഭാവികമായി കേരളത്തിൽ കാണപ്പെട്ട പല സസ്യങ്ങളുടേയും വളർച്ച വലിയ തോതിൽ മുരടിക്കുന്നതിന് കാരണമാകുന്നുണ്ട്.
സാമ്പത്തിക ആഘാതം എന്നത് അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്. അധിനിവേശ ജീവികൾ പരിസ്ഥിതിയിലും, കാലാവസ്ഥയിലും തന്നെയുണ്ടാക്കുന്ന മാറ്റങ്ങൾ ഇനിയും വിശദമായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.