ഹാങ്‌ചോ: അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ട്രാക്കിലും ഫീൽഡിലും 6 സ്വർണവും 14 വെള്ളിയും 9 വെങ്കലവുമടക്കം 29 മെഡലുകളാണ് താരങ്ങൾ നേടിയത്. 1951 ലെ ഏഷ്യൻ ഗെയിംസിലെ 34 മെഡലുകൾക്ക് ശേഷമുളള ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽനേട്ടമാണ് ഹാങ്‌ചോവിലേത്.
19 സ്വർണമടക്കം 39 മെഡലുകളുമായി ചൈനയാണ് അത്ലറ്റിക്‌സ് മെഡൽ പട്ടികയിൽ മുന്നിൽ. ബഹ്‌റൈനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. 65 താരങ്ങളാണ് ഇത്തവണ ഇന്ത്യയ്‌ക്കായി അത്ലറ്റിക്‌സിൽ പങ്കെടുത്തത്. അതേസമയം, 2018 ഗെയിംസിലെ 9 സ്വർണമെന്ന നേട്ടം ഇത്തവണ ഇന്ത്യൻ സംഘത്തിന് കൈവരിക്കാനായില്ല.
അത്‌ലറ്റിക്‌സ് മെഡൽപട്ടികയിൽ ഏഴ് മലയാളിതാരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. 4*400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിലെ അംഗങ്ങളായിരുന്നു മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ് എന്നിവർ. മിക്‌സ്ഡ് ഡബിൾസിലും വെള്ളി നേടിയതിലൂടെ അജ്മലിന്റെ ഗെയിംസിലെ മെഡൽനേട്ടം 2 ആണ്. പുരുഷ ലോംഗ്ജമ്പിൽ എം.ശ്രീശങ്കറും 800 മീറ്ററിൽ മുഹമ്മദ് അഫ്സലും വനിതാ ലോംഗ് ജംപിൽ ആൻസി സോജനും കേരളത്തിന്റെ മെഡൽ ജേതാക്കളാണ്.