കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ പാർക്കിംഗ് ഫീസ് ഏകീകരിക്കും.പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്ന വിവിധ സ്ഥലങ്ങളിലെ ഫീസാണ് ഏകീകരിക്കുന്നത്. ശൗചാലയങ്ങൾ
ഉപയോഗിക്കുന്നതിനുള്ള ഫീസും ഇതിനൊപ്പം തന്നെ തീരുമാനിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള സൗകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി കളക്ടർ വി വിഘ്‌നനേശ്വരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തീർത്ഥാടന മേഖലകളിൽ മാലിന്യം കുമിഞ്ഞു കൂടുന്നത് തടയുന്നതിനായി ലേലം ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾ മാലിന്യം തരംതിരിച്ച് ശേഖരിക്കണമെന്ന നിർദ്ദേശമുണ്ട്. ലേലവുമായി ബന്ധപ്പെട്ട് നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. എരുമേലിയിലെ ശൗചാലയങ്ങളുടെ സെപ്റ്റിക് ടാങ്ക് അടിയന്തിരമായി ശുചീകരിക്കുന്നതിനായി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന് പുറമേ കടകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലിക്ക് എത്തുന്നവർ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരല്ലെന്ന് പോലീസ് ഉറപ്പു വരുത്തും. പോലീസ് സംഘം കടകളിലുള്ളവർക്ക് തിരിച്ചറിയൽ കാർഡ് നൽകും. കൂടുതൽ നിരീക്ഷണ ക്യാമറകളും നിരീക്ഷണ ടവറും സ്ഥാപിക്കും. മേഖലയിലെ ഇടറോഡുകൾ ഗതാഗത യോഗ്യമാണെന്നും ഉറപ്പു വരുത്താൻ പൊതുമരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.