കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഷിയാസിനെ കസ്റ്റംസ് തടയുകയും ചെന്തേര പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം മാത്രമാണ് നൽകിയതെന്നും ഷിയാസ് പോലീസിന് മൊഴി നൽകി. ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് ഷിയാസിന്റെ മൊഴി. എന്നാൽ യുവതി വിവാഹിതയാണെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമുള്ള വിവരം തന്നോട് മറച്ചുവെച്ചതായും ഷിയാസ് പറഞ്ഞു. യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും ഷിയാസ് പറഞ്ഞു.
പീഡന കേസിൽ കഴിഞ്ഞ ദിവസമാണ് ഷിയാസ് ചെന്തേര പോലീസിന്റെ പിടിയിലാകുന്നത്. പീഡനം, ലൈംഗികാതിക്രമം, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ഷിയാസിനെതിരെ ചുമത്തിയിരിക്കുന്നത്. ദുബായിൽ നിന്നെത്തിയതിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പോലീസിന്റെ വലയിലായത്.