ടെൽ അവീവ്: ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 700-ഓളം പേർക്ക് പരിക്കേറ്റു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 779 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരാക്രമണത്തിനിടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എത്തിയ ഇസ്രായേൽ മേയറും കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രാവിലെയായിരുന്നു ഹമാസ് ഭീകരർ ഇസ്രായേലിന് നേരെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണം നടത്തിയത്. ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് യുദ്ധം പ്രഖ്യാപിച്ചത്. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ആറരയോടെയായിരുന്നു റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ ഭരണകൂടം സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപിക്കുകയായിരുന്നു.
തങ്ങൾ ഇപ്പോൾ യുദ്ധത്തിലാണെന്നും ഇതിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ”ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും” നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി.















