ടെൽ അവീവിയ: ഹമാസിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. ബെഞ്ചമിൻ നെതന്യാഹു യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെയുള്ള ആക്രമണത്തിൽ ഗാസയിൽ 200-ലേറെ പേർ കൊല്ലപ്പെട്ടതായാണ് അന്തരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ 17 ഭീകരകേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു.
കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ ശക്തമായ വ്യോമാക്രമണം ഇസ്രായേൽ സൈന്യം നടത്തിയത്. നമ്മൾ യുദ്ധത്തിലാണ്. ഇത് വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും എന്നായിരുന്നു ഹമാസ് ഭീകരരുടെ ആക്രമണത്തിന് പിന്നാലെ നെതന്യാഹു പ്രതികരിച്ചത്. ഹമാസ് ഇതിന് കനത്ത വില നൽകേണ്ടിവരുമെന്നുമാണ് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
ശനിയാഴ്ച രാവിലെ ഹമാസ് ഭീകരർ അയ്യായിരം റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടത്. ആക്രമണത്തിൽ 40 പേർ മരണപ്പെടുകയും 70-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒട്ടേറെ ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞ് കയറുകയും ചെയ്തു. സമീപ കാലത്ത് ഇസ്രായേലിനെതിരെ നടക്കുന്ന ഏറ്റവും കനത്ത ആക്രമമാണിത്.















