ഡൽഹി: ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പലസ്തീൻ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നാണ് യച്ചൂരിയുടെ ആവശ്യം.
ഇരു രാജ്യങ്ങളും ഐക്യരാഷ്‌ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യച്ചൂരി പറഞ്ഞു. ഹമാസ് ഭീകരരുടെ അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച് എക്സിലൂടെയാണ് ഇസ്രായേലിനെ സിപിഎം നേതാവ് വിമർശിച്ചിരിക്കുന്നത്.
‘പലസ്തീനികൾക്കെതിരെ ഇസ്രായേലിലെ വലതുപക്ഷ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎൻ നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണം.’ – യച്ചൂരി കുറിച്ചു.
ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ ഹമാസിന് പിന്തുണയറിയിച്ച് പാകിസ്താനും അഫ്ഗാനിസ്ഥാനും രംഗത്ത് എത്തിയിരുന്നു. വിരോധം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ സംരക്ഷണത്തിനും മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിനും വേണ്ടി ഞങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തോട് ഒരുമിച്ചു നിൽക്കാൻ ആഹ്വാനം ചെയ്യുന്നു. എന്നായിരുന്നു പാകിസ്താൻ പങ്കുവെച്ച കുറിപ്പ്. അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയവും പലസ്തീനിനെ പിന്തുണച്ചു. പലസ്തീനികളുടെ അവകാശങ്ങളെ ‘ഇസ്രായേൽ ചവിട്ടിമെതിക്കുന്നു എന്നാണ് അഫ്ഗാനിസ്ഥാന്റെ അവകാശ വാദം. പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതേ സ്വരം തന്നെയാണ് സിപിഎം നേതാവ് യച്ചൂരിയുടെയും.















