ചെന്നൈ: ലോകകപ്പിലെ ആദ്യ പോരിനിറങ്ങുന്ന ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇക്കാര്യം ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ടീമിന്റെ തുറുപ്പ് ചീട്ടാകുമെന്ന് വിലയിരുത്തിയിരുന്ന സ്പിന്നര്‍ ആദം സാംബയ്‌ക്കാണ് നീന്തലിനിടെ പരിക്കേറ്റതെന്ന് നായകന്‍ പാറ്റ് കമ്മിന്‍ പറഞ്ഞു. നീന്തലിനിടെ സ്വിമ്മിംഗ് പൂളിന്റെ പടിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ശരീരത്തിന് വേദനയുണ്ടെങ്കിലും ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് മുന്‍പ് താരം ഫിറ്റ്‌നസ് തെളിയിക്കുമെന്നാണ് ഓസീസ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ താരം കളിക്കാതിരുന്നാല്‍ കങ്കാരുകള്‍ക്ക് വലിയൊരു തിരിച്ചടിയാകും അത്. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് പരിചയമുള്ള സാംബ ഐ.പി.എല്ലിലും തിളങ്ങിയിരുന്നു.
മദ്ധ്യ ഓവറുകളില്‍ റണ്‍സ് നല്‍കുന്നതില്‍ പിശുക്ക് കാട്ടുന്ന സാംബ, ഈ സമയം വിക്കറ്റ് എടുക്കുന്നതില്‍ മിടുക്കനുമാണ്. മിഡില്‍ ഓവറുകളില്‍ 2019 ലോകപ്പിന് ശേഷം ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളറും സാംബയാണ്. 58 വിക്കറ്റുകളാണ് ഈ ലെഗ് സ്പിന്നര്‍ നേടിയത്.















