ചെന്നൈക്കാരനായ നാസർ ഹുസൈൻ, വിൻഡീസിന്റെ ഇതിഹാസ താരം രോഹൻ കൻഹായ്, സിക്കുകാരനായ രവി ബൊപ്പാര ഹിന്ദു കുടുംബത്തിൽ നിന്നുള്ള രാം നരേഷ് സർവാൻ, ടെസ്റ്റ് ലെജന്റ് ചന്ദർ പോൾ ഇങ്ങനെ നീളുന്നു ഇന്ത്യൻ വംശജരായ വിദേശ ക്രിക്കറ്റ് താരങ്ങളുടെ പട്ടിക. ഈ ലോകകപ്പിലുമുണ്ട് വിദേശ രാജ്യങ്ങൾക്ക് കളിക്കുന്ന ഇന്ത്യൻ വംശജരായ ഒരുപിടി താരങ്ങൾ.
വിക്രംജിത് സിംഗ്
രാജ്യാന്തര തലത്തിൽ നെതർലൻഡ്സിനായി കളിക്കുന്ന വിക്രംജിത്ത് സിംഗ് പഞ്ചാബിലെ ചീമ ഖുർദിലാണ് ജനിച്ചത്.
27 ഏകദിന മത്സരങ്ങളിൽ ഡച്ച് ടീമിനെ പ്രതിനിധീകരിച്ച താരം 824 റൺസാണ് ഇതുവരെ സ്‌കോർ ചെയ്തത്. ഒരു സെഞ്ച്വറിയും നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെയാണ് താരം ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നത്.
തേജ നിതാമനുരു
അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുളള തേജ നിതാമനുരുവിന്റെ യാത്ര തികച്ചും അപ്രതീക്ഷിതമാണ്. ആന്ധ്രപേദശിലെ വിജയവാഡയിൽ ജനിച്ച തേജ നിലവിൽ നെതർലൻഡ്സ് ദേശീയടീമിന്റെ ഭാഗമാണ്. ലോകകപ്പ് അടക്കം 21 ഏകദിന മത്സരങ്ങളിൽ പങ്കെടുത്ത ഈ ഇന്ത്യൻ വംശജൻ രണ്ടു വീതം സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 506 റൺസാണ് അടിച്ചെടുത്തത്.
ആര്യൻ ദത്ത്
ആര്യൻദത്തെന്ന 20കാരനനാണ് ഇന്ത്യയിൽ ജനിച്ച്, നെതർലൻഡ് ദേശീയ ടീമിനായ അരങ്ങേറിയത്. വലം കൈയൻ ഓഫ് സ്പിന്നറും ബാറ്ററുമായ താരം പഞ്ചാബിലെ ഹോഷിയാർപൂരിലാണ് ജനിച്ചത്. 21 ഏകദിനങ്ങളിൽ നിന്നായി 22 വിക്കറ്റുകൾ വീഴ്‌ത്തിയ താരം ലോകകപ്പിലും ഡച്ചുകാർക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പാക് താരം ഷൗദ് ഷക്കീലിന്റെ കുറ്റി തെറിപ്പിച്ച് താരം കലാശപോരിൽ വരവറിയിച്ചിരുന്നു.
രചിൻ രവീന്ദ്ര
രചിൻ രവീന്ദ്ര കൂട്ടത്തിലെ കൊമ്പൻ, പേരുകേൾക്കുമ്പോൾ ഇന്ത്യൻ താരമെന്നല്ലാതെ മറിച്ചൊരു ചിന്തയുണ്ടാകില്ല.എന്നാൽ പൂർണമായും ഇന്ത്യക്കാരനല്ലെങ്കിലും ഇന്ത്യൻ വേരുള്ള കളിക്കാരനാണ് ഇരുപത്തിമൂന്നുകാരനായ അദ്ദേഹം. ഇന്ത്യക്കാരായ രവി കൃഷ്ണമൂർത്തി-ദീപ കൃഷ്ണമൂർത്തി ദമ്പതികളുടെ മകനാണ് രചിൻ.
ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ സിസ്റ്റം ആർകിടെക്റ്റായിരുന്ന രചിന്റെ പിതാവ് 1990 കളിൽ ന്യൂസിലൻഡിലേക്ക് ചേക്കേറുകയായിരുന്നു. ന്യൂസിലൻഡിലെ വെല്ലിങ്ടണിലാണ് രചിൻ ജനിക്കുന്നത്. ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടിരുന്ന രചിന്റെ പിതാവ് കടുത്ത സച്ചിൻ ദ്രാവിഡ് ആരാധകനായിരുന്നു. മകന്റെ പേരിലും ആ ആരാധന കാണാം.
ന്യൂസിലൻഡിലെ പ്രശസ്തമായ ഹട്ട് ഹോക്സ് ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിച്ചതും അദ്ദേഹമാണ്.ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയോടെ 123 റൺസാണ് താരം നടത്തിയത്. ഇതുവരെ 13 മത്സരങ്ങൾ കളിച്ച താരം 312 റൺസും 13 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും താരം ഭാവിവാഗ്ദാനമാണെന്ന് തെളിയിച്ചിരുന്നു.
കേശവ് മഹാരാജ്
ദക്ഷിണാഫിക്കൻ ടീമിലെ അടിമുടി ഇന്ത്യക്കാരൻ .ഇടംകൈയൻ സ്പിന്നർ കേശവ് ഇപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.കേശവിന്റെ പൂർവികർ ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ നിന്നുള്ളവരാണ്. താരത്തിന്റെ അച്ഛൻ ആത്മാനന്ദ് മഹാരാജ് മുൻ വിക്കറ്റ് കീപ്പർ കൂടിയാണ്. 31 ഏകദിനങ്ങൾ കളിച്ച താരം 37 വിക്കറ്റുകളും നേടി. ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്ന താരം ഇന്ത്യയിലെത്തുമ്പോൾ ക്ഷേത്രങ്ങൾ ദർശിക്കുന്നതും സാധാരണമാണ്.
ഇഷ് സോധി
ലുധിയാനയിൽ നിന്നുള്ള ഇഷ് സോധി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിക്കുന്നു. വിജയങ്ങളുടെ വെല്ലുവിളികളുടെയും കഥയാണ് ഈ സ്പിന്നറിന് പറയാനുളളത്. തന്റെ 49 ഏകദിന മത്സരങ്ങളിൽ നിന്ന് 61 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. കീവിസ് നിരയിലെ മുൻനിര സ്പിന്നർമാരിൽ ഒരാളാണ്. ഈ ലോകകപ്പിൽ ന്യുസീലൻഡിന്റെ തുറുപ്പ് ചീട്ടും സോധിയാണ്.
മൊയീൻ അലി
ലോകത്തിലെ മികച്ച ഓൾറൗണ്ടർമാരുടെ പേരെടുത്താൽ അതിൽ ഒരു പേരുകാരൻ ഇംഗ്ലണ്ടിന്റെ മൊയീൻ അലി ആയിരിക്കും. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കളിക്കുന്ന താരം ഇന്ത്യക്കാർക്ക് ചിരപരിചിതനാണ്. മൊയിൻ ഇന്ത്യൻ വേരുകളുള്ള കുടുംബത്തിലെ അംഗമാണ്.
മദ്ധ്യനിരയിൽ ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റർമാരിൽ ഒരാളായ താരം ഹാൻഡി സ്പിന്നറുമാണ്. വിക്കറ്റ് നേടുന്നതിൽ പ്രത്യേക കഴിവുള്ള താരം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം അടുത്തിടെ ആഷസ് കളിക്കാൻ വിരമിക്കൽ പിൻവലിച്ചിരുന്നു.ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂലസിലൻഡിനെതിരായി താരം തിളങ്ങുമെന്ന് ആരാധകർ കരുതിയിരുന്നുവെങ്കിലും മോയിന് ഫോമിലെത്താനിയില്ല.