ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ”ഇതിനുമുമ്പും ഇത്തരം സാഹചര്യങ്ങളുണ്ടായപ്പോൾ ഓപ്പറേഷൻ ഗംഗയിലൂടേയും, ഓപ്പറേഷൻ വന്ദേ ഭാരതിലൂടെയും കുടുങ്ങി കിടന്നിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്. ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ചതിനു ശേഷം വേണ്ട നടപടികൾ പ്രധാനമന്ത്രി കൈക്കൊള്ളും”- മീനാക്ഷി ലേഖി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 200 ഓളം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. നിലവിൽ 22 സ്ഥലങ്ങളിലാണ് ഭീകരന്മാരും ഇസ്രായേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ അനാവശ്യ സഞ്ചാരം ഒഴിവാക്കാനും ജാഗ്രത പുലർത്താനും വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസ്സിയും കേന്ദ്രസർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം സംഘർഷം നിലനിൽക്കുന്ന സാഹര്യത്തിൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും ടെൽ ടെൽ അവീവിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ടെൽഅവീവിലേക്കുള്ള AI139, ടെൽഅവീവിൽ നിന്നും ഡൽഹിയിലേക്കുള്ള AI140 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. സുരക്ഷ സാഹചര്യം പരിഗണിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം.















