മുംബെെ: സംഘർഷഭരിതമായ ഇസ്രയേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് ഉച്ച രണ്ട് മണിയോടെ മുംബൈ വിമാനത്താവളത്തിലാണ് നടി എത്തിയത്. ഹൈഫ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനാണ് നടി പോയത്. എന്നാൽ ഇന്നലെയുണ്ടായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ താരത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതോടെ നുസ്രത്തിന്റെ ടീം എംബസിയെ അറിയിക്കുകയായിരുന്നു.
അകേലി എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ ഭാഗമായാണ് ഇസ്രയേലിൽ നടക്കുന്ന ഹൈഫ ചലച്ചിത്രമേളയിൽ നുസ്രത് എത്തിയത്. തുടർന്ന് ഇസ്രയേലിൽ കുടുങ്ങിയ നുസ്രത്തിനെ എംബസിയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഇസ്രയേലിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ കണക്ടിംഗ് ഫ്ലൈറ്റിലാണ് നുസ്രത്ത് രാജ്യത്ത് എത്തിയത്. നുസ്രത് ഇന്ത്യയിൽ തിരിച്ചെത്തിയ വിവരം അവരുടെ ടീം സ്ഥിരീകരിച്ചു.















