മലയാളത്തിൽ മാത്രമല്ല മറ്റനേകം ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ചിട്ടുള്ള ഗായികയാണ് കെ.എസ്. ചിത്ര. ഇപ്പോഴിതാ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം വാനമ്പാടി. ഇത്തവണ ബഞ്ചാര ഭാഷയിൽ ആദ്യമായി ഗാനമാലപിച്ചാണ് കെ.എസ്.ചിത്ര അതിശയിപ്പിച്ചിരിക്കുന്നത്.
സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദാർ നിവാസ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ചിത്രയുടെ ഈ പാട്ട്. എം.ശ്രീനിവാസ് ചവാന്‍ ആണ് പാട്ടിലെ പുരുഷശബ്ദമാകുന്നത്. വിനായക് പവാറിന്റെയാണ് പാട്ടിലെ വരികൾ. ഈണം പകർന്നിരിക്കുന്നത് എം.എൽ.രാജയാണ്.
കെ.എസ്.ചിത്ര തന്നെയാണ് ഈ പുതിയ പാട്ടുവിശേഷത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ബഞ്ചാര ഭാഷയിൽ പാട്ട് പാടാൻ താൻ ശ്രമിച്ചെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും ചിത്ര പറയുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ചിത്ര നന്ദി അറിയിച്ചിട്ടുമുണ്ട്. മാത്രമല്ല ഏറെ ശ്രദ്ധ നേടുന്നത് പരമ്പരാഗത ബഞ്ചാര വേഷമണിഞ്ഞുള്ള കെ.എസ്.ചിത്രയുടെ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും ഗായിക സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രയെക്കൊണ്ട് പാട്ട് പാടിപ്പിക്കാനായതിന്റെ സന്തോഷം സംവിധായകൻ സഞ്ജീവ് കുമാർ റാത്തോഡും പങ്കുവച്ചു. വിവിധ ഭാഷകളിലായി 25000ലധികം പാട്ടുകൾ പാടിയ മഹാപ്രതിഭയ്‌ക്കൊപ്പം കൈ കോർക്കാനായത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.















