ഇസ്രായേലിൽ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിൽ . സമാധാനത്തിനായി
ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ ധാരണയിൽ എത്താനായില്ലെന്ന് യുഎൻ ഉദ്യോഗസ്ഥൻ ടോൾ വെനസ്ലന്റ് അറിയിച്ചു.
പലസ്തീൻ ഇസ്ലാമിസ്റ്റുകളെ രൂക്ഷമായാണ് അമേരിക്ക അപലപിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതായും വ്യാപകമായ സംഘർഷം ഒഴിവാക്കാൻ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഹമാസ് ഭീകരർ ഇസ്രായേൽ പൗരന്മാരെ ബന്ദികളാക്കിയ ചിത്രങ്ങൾ യോഗത്തിനിടെ ഇസ്രായേൽ അംബാസഡർ ഗിലാദ് എർദാൻ പങ്കുവെച്ചു. രേഖപ്പെടുത്താത്ത ക്രൂരമായ കുറ്റങ്ങളാണ് ഇവയെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് ഉറച്ച പിന്തുണ ആവശ്യമാണെന്നും ഇസ്രായേൽ അംബാസഡർ വ്യക്തമാക്കി. വെടി നിർത്തൽ പ്രഖ്യാപിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്നാണ് റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞത്. പതിറ്റാണ്ടുകളായി രക്ഷാസമിതി ചെയ്തുവരുന്ന കാര്യമാണിത്. ഭാഗികമായി പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളുടെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.