കൊച്ചി: മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജുവിന്റേതെന്നു സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മുനമ്പത്ത് നിന്നും 16 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഏഴംഗസംഘം കടലിൽ പോയ ബോട്ട് മറിഞ്ഞാണ് നാലു പേരെ കാണാതായത്. ഇതിൽ മൂന്നു പേരെ അപകടം നടന്ന ദിവസം തന്നെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ കോസ്റ്റൽ പോലീസ് കണ്ടെടുത്തിരുന്നു. രാജുവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ നിന്നും പോയ മത്സ്യബന്ധനത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയ വിവരം കോസ്റ്റൽ പോലീസിൽ അറിയിച്ചത്. മൃതദേഹം തിരിച്ചറിയുന്നതിനായി ഫോർട്ട്‌കൊച്ചി ഭാഗത്തേക്ക് കൊണ്ടു വരുന്നുണ്ടെന്നും ബന്ധുക്കളെ മൃതദേഹം കാണിച്ച ശേഷം മറ്റു നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നും പോലീസ് അറിയിച്ചു.















