ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നും ദുബായിലേക്ക് പോവുന്ന എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ഇ-മെയിൽ വഴിയാണ് എയർപോർട്ട് ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചത്. AI951 വിമാനം ഹൈജാക്ക് ചെയ്യാൻ യാത്രക്കാരിലൊരാൾ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഇ-മെയിലിലുണ്ടായിരുന്നത്.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഭീഷണി ലഭിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഉടൻ വിമാനത്തിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ഇസ്ലാമിക് ഭീകര സംഘടനയായ ഐഎസ്‌ഐയുടെ സന്ദേശമാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇ-മെയിലിനെ തുടർന്ന് വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മെയിൽ അയച്ച വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു.















