തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി,ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കി. വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് തീരുമാനം.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മര്‍ദ്ദിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു സംഭവം. അസി. ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
മകളുടെ പേരിടല്‍ ചടങ്ങിനിടെ കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്.സെപ്തംബര്‍ 13ന് കണ്ണൂരിലെ വീട്ടില്‍ നിന്ന് ആകാശിനെ പിടികൂടിയത്. ആറുമാസം തടവ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് ആദ്യം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീടാണ് സെപ്റ്റംബറില്‍ വീണ്ടും അറസ്റ്റ് ചെയ്യുന്നത്.
ഇതിനെതിരെ കുടുംബം നല്‍കിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയുളള തീരുമാനം.ജയിലിന് അകത്ത് നടന്ന സംഭവമായതിനാല്‍ കാപ്പ ചുമത്താന്‍ കേസ് പര്യാപ്തമല്ലെന്നാണ് ഉത്തരവിലുളളത്. സിപിഎമ്മിനകത്തും ആകാശിനെ അറസ്റ്റ് ചെയ്തതില്‍ എതിര്‍പ്പുണ്ടായിരുന്നു.ചിലര്‍ രാജിഭീഷണി മുഴക്കിയെന്നും സൂചനയുണ്ട്. പിന്നാലെയാണ് മുഖ്യമന്ത്രിക്കും കാപ്പ ബോര്‍ഡിനും കുടുംബം നല്‍കിയ അപ്പീലില്‍ അനുകൂല തീരുമാനം.















