ജറുസലേം: ഹമാസ് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 700 പേർക്കെന്ന് ഇസ്രായേൽ പ്രതിരോധ സേന. 23,000-ഓളം പേർക്ക് പരിക്കേറ്റു.
ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്‌ക്കാണ് ഇസ്രായേൽ സാക്ഷ്യം വഹിച്ചതെന്ന് ഐഡിഎഫ് വക്താവ് മേജർ ലിഹി വെയ്‌സ് പറഞ്ഞു.
ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത അത്ര രൂക്ഷമാണ് സ്ഥിതിഗതികൾ. തങ്ങൾ അനുഭവിക്കുന്ന ഭീകരത വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഹമാസിനെ പിന്തുണയ്‌ക്കുന്നുവെന്നും സംഘർഷം ശക്തമാക്കുന്നുവെന്നും പ്രതിരോധ സേന ആഞ്ഞടിച്ചു. നേരത്തെയും ഹമാസിന് ഇറാൻ പിന്തുണ നൽകിയിരുന്നു. സ്വാഭാവികമായും ഇത്തവണയും ഹമാസിനെ ഇറാൻ പിന്തുണച്ചിട്ടുണ്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് പിന്നിൽ ഇറാന് പങ്കുള്ളതായി കരുതുന്നുവെന്നും സേന ആരോപിച്ചു. ബന്ദിക്കളാക്കിയിരിക്കുന്ന പൗരന്മാരെ തിരികെ എത്തിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.
ഡസൻ കണക്കിന് ഇസ്രായേലികളെയാണ് ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിൽ തടവിലാക്കിയിട്ടുള്ളത്. സാധാരണക്കാരും സ്ത്രീകളും വൃദ്ധരും കൈക്കുഞ്ഞുങ്ങളും വികലാംഗരും വരെ ബന്ദികളാക്കിയിട്ടുണ്ട്. അവരെ ഗാസയിലെത്തിച്ച് തെരുവിൽ പരേഡ് ചെയ്തു. പലരെയും പീഡനത്തിനിരയാക്കിയതായാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ ഇസ്രായേലിന്റെ തിരിച്ചടി ആരംഭിച്ച് കഴിഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്.















