കൊല്‍ക്കത്തയുടെ 150 വര്‍ഷത്തെ ചരിത്രം പേറുന്ന പൈതൃക ട്രാമിന് (ട്രെയിനിന്റെ ചെറു പതിപ്പ് ) പുതിയ രൂപം. നവരാത്രി പൂജയോടനുബന്ധിച്ചാണ് കൊല്‍ക്കത്തയുടെ അടായളമായ ട്രാമിന്റെ നിറവും രൂപവും മാറിയത്. ടോളിഗഞ്ച്-ബാലിഗഞ്ച് റൂട്ടില്‍ ഓടുന്ന ട്രാമിന്റെ ഇന്റീരിയറും പുറം ഭാഗവും അതി മനോഹരമായ രീതിയില്‍ നവീകരിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത ട്രാംവേകളുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെയും ദുര്‍ഗാ പൂജയ്‌ക്ക് യുനെസ്‌കോ പൈതൃക ടാഗ് നല്‍കിയതിന്റെ സ്മരണയുടെയും ഭാഗമായാണ് രൂപമാറ്റവും ആഘോഷങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡബ്ല്യുബിടിസി) ഏഷ്യന്‍ പെയിന്റ്സുമായും സഹകരിച്ചാണ് ട്രാമിന്റെ പുതിയ രൂപമാറ്റം സാദ്ധ്യമാക്കിയത്.
1873 മുതല്‍ കൊല്‍ക്കത്തയുടെ ചരിത്രത്തിന്റെ ഭാഗമായ ട്രാമുകള്‍ നഗരത്തിന്റെ അടയാളമാണ്. കൊല്‍ക്കത്തയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷത്തോടനുബന്ധിച്ച് ടോളിഗഞ്ചില്‍ നിന്ന് ബാലിഗഞ്ചിലേക്ക് ഒരു പൂജ പ്രത്യേക ട്രാം ഓടും. പൈതൃക പ്രദേശങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാവും ഈ യാത്ര.















