അമരാവതി: യൂറോപ്യൻ നഗരങ്ങളിൽ ‘ശ്രീനിവാസ കല്യാണം’ചടങ്ങുകൾ സംഘടിപ്പിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാരിസിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കല്യാണ ചടങ്ങുകൾക്കായി വെങ്കിടേശ്വരന്റെയും ദേവതകളുടെയും വിഗ്രഹങ്ങൾ തിരുപ്പതിയിൽ നിന്ന് പാരിസിലേക്ക് കൊണ്ടുവന്നു.
ടിടിഡി, എൻആർഐ തുടങ്ങിയ മത സാംസ്‌കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ വിജയകരമായി നടത്തിയത്. ടിടിഡി വൈദികരും വേദ പണ്ഡിതന്മാരും ആചാര പ്രകാരമുള്ള നിരവധി ചടങ്ങുകൾ നടത്തി. പുണ്യാഹവചനം, വിശ്വക്‌സേനാരാധന, അങ്കുരാർച്ചന, മഹാസങ്കൽപം, കന്യാദാനം, മംഗല്യധരണം, വാരണമയിരം എന്നിവ നടന്നു.
യൂറോപ്പിലെ ഹിന്ദു സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഭക്തർ പരിപാടിയിൽ പങ്കെടുത്തു. യൂറോപ്യൻ നഗരങ്ങളിൾ ശ്രീനിവാസ കല്യാണ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ടിടിഡി ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡി ഗാരു, ഇഒ ധർമ റെഡ്ഡി ഗാരു എന്നിവരാണ്് അനുമതി നൽകിയത്. ഒക്ടോബർ 14, 15 തീയതികളിൽ രണ്ട് പരിപാടികൾ കൂടി സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടനകൾ അറിയിച്ചു.















