ഗാംഗ്‌ടോക്ക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായ വടക്കൻ സിക്കിമിൽ അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ ആർമിയുടെ ത്രിശക്തി സൈന്യം. സിക്കിമിലെ വടക്കുപടിഞ്ഞാറുള്ള റാബോം ഗ്രാമത്തിൽ എത്തിയ ശേഷം 200 ആളുകളെ സൈന്യം രക്ഷപ്പെടുത്തിയതായി അറിയിച്ചു.
മിന്നൽ പ്രളയത്തെ തുടർന്ന് നഗരത്തിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു പോവുകയും നിരവധി ആളുകൾ മരിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഒറ്റപ്പെട്ടു പോയ വടക്കൻ സിക്കിമിനെ ചുങ്താങ് വഴി മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഗതാഗത മാർഗം പുന: സ്ഥിക്കുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ 5 ദിവസങ്ങളായി സൈന്യം സംഘടിപ്പിച്ചു വരികയാണ്.
ആശയവിനിമയം വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചേർന്ന് ജനങ്ങൾക്കാവശ്യമായ ഭക്ഷണം, വെള്ളം, വൈദ്യസഹായം, താമസ സൗകര്യം ഒരുക്കുക തുടങ്ങിയ അടിയന്തര സഹായങ്ങൾ സൈന്യം നൽകി. 63 പൗരന്മാർ അടക്കം 2,000 വിനോദസഞ്ചാരികളുടെ പട്ടിക സൈന്യം തയ്യാറാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളെ വ്യോമമാർഗം വഴി തിരിച്ച് അവരുടെ സ്വന്തം നാടുകളിലേക്കെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൈന്യം അറിയിച്ചു.















