തിരുവനന്തപുരം: ഒരു പതിറ്റാണ്ടിലധികമായി ചർച്ചചെയ്യുന്ന തലസ്ഥാനത്തെ മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു. തലസ്ഥാനത്തും കൊച്ചി മെട്രോ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതി വരുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷൻ ചുമതലപ്പെടുത്തി. കെഎംആർഎല്ലിനാകും തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടത്തിപ്പ്.
ജനുവരിയിൽ ഡിപിആർ സർക്കാരിന് സമർപ്പിക്കുമെന്നാണ് സൂചന. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഡിപിആർ അംഗീകരിക്കുന്നതോടെയാകും നിർമ്മാണം ആരംഭിക്കുക. 2012-ലാണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി വിഭാവനം ചെയ്തത്. 2014-ൽ ഡിഎംആർസി പദ്ധതിയുടെ ആദ്യ രൂപരേഖയും സമർപ്പിച്ചിരുന്നു. പള്ളിപ്പുറം മുതൽ കൈമനംവരെ ആദ്യഘട്ടത്തിലും കൈമനം മുതൽ നെയ്യാറ്റിൻകര വരെ രണ്ടാംഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. പിന്നീട് പദ്ധതിയുടെ നടത്തിപ്പ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് നൽകുകയായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള അർബൻ മാസ് ട്രാൻസിറ്റ് കമ്പനിയെയാണ് (യുഎംടിസി) കെ.എം.ആർ.എൽ. പിന്നീടുള്ള പഠനങ്ങൾക്ക് നിയോഗിച്ചത്.
മെട്രോയുടെ പദ്ധതിരേഖ തയ്യാറാക്കുന്നതിന് മുൻപ് കഴിഞ്ഞ ജൂലൈയിൽ കെഎംആർഎൽ തിരുവനന്തപുരത്തിന്റെ സമഗ്ര ഗതാഗതപദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാൽ ഏതുതരം മെട്രോയാണ് ഇവിടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചിരുന്നില്ല. തുടർന്ന് ഓൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് കൊച്ചിയിലേതിനു സമാനമായ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്ന് കണ്ടെത്തിയത്.















