ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നാലെ കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സംഘത്തെയും അവരുടെ നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഡൽഹിയിലായിരുന്നു കായികതാരങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ലഹരി വിരുദ്ധ മുന്നേറ്റത്തിനായി കായികതാരങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കായികതാരങ്ങളോട് ആഹ്വാനം ചെയ്തു.
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ ഈ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു. ഇത്തവണത്തെ മെഡൽ നേട്ടത്തെ വരുന്ന തവണ നാം മറികടക്കും. പാരീസ് ഒളിമ്പിക്‌സിൽ മികച്ച നേട്ടം കൈവരിക്കാനായി ശ്രമിക്കാനും കായിക താരങ്ങളോട് മോദി പറഞ്ഞു. 2022ലെ ഏഷ്യൻ ഗെയിംസിൽ 107 മെഡലുകൾ നേടി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു.
‘ഹാങ്‌ചോവിൽ രാജ്യത്തെ അത്ലറ്റുകൾ നടത്തിയത് ഏറ്റവും മികച്ച പരിശ്രമമാണ്. 2014ന് ശേഷം ഇന്ത്യയിലെ കായികതാരങ്ങൾക്ക് വിദേശത്ത് മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുളള അവസരവും ലഭിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം രാജ്യത്തിന്റെ കായികമേഖലയുടെ വളർച്ചയുടെ ഉദ്ദാഹരണമാണ്. ഇത് പുതുതലമുറയ്‌ക്ക് പ്രചോദനമാണ്. ഈ മികവ് പാരീസ് ഒളിമ്പിക്സിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കാരണമാകും. ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ സ്ത്രീകളുടെ മുന്നേറ്റവും നാം കണ്ടു. മെഡലുകളിൽ പകുതിയും നേടിയത് സ്ത്രീകളാണ്. ട്രാക്കിലായാലും ഫീൽഡിലായാലും സ്വർണ്ണ മെഡലിൽ കുറഞ്ഞതൊന്നും അവർ ലക്ഷ്യം വെച്ചില്ലെന്നാണ് എനിക്ക് തോന്നിയത്.’
Interacting with our incredible athletes who represented India at the Asian Games. Their outstanding performances exemplify true spirit of sportsmanship. https://t.co/SAcnyJDTlc
— Narendra Modi (@narendramodi) October 10, 2023
“>
ഖേലോ ഇന്ത്യക്ക് കീഴിൽ വരുന്ന 125 അത്ലറ്റുകളാണ് ഈ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തതെന്നും ഗെയിംസിൽ അവർ 40 മെഡലുകൾ നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യയുടെ വിജയമാണ് ഇത് ഉയർത്തികാട്ടുന്നത്. 3,000-ലധികം അത്ലറ്റുകൾക്കാണ് ഖേലോ ഇന്ത്യക്ക് കീഴിൽ പരിശീലനം നൽകുന്നത്. മെഡിക്കൽ സഹായമുൾപ്പെടെയുള്ളവ പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ട്. 25,000 കോടി രൂപയുടെ സഹായമാണ് കായികതാരങ്ങൾക്ക് നിലവിൽ നൽകുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കായികതാരങ്ങൾക്കായി സർക്കാർ 3000 കോടി രൂപ അധികമായി ചിലവഴിക്കുമെന്നും അവർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















