കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വളർത്തുനായ്‌ക്കളെ സ്ഥിരമായി കാണാതാകുന്നു. മാസങ്ങൾക്ക് മുമ്പ് ഒന്നുരണ്ട് നായകളെ കാണാതായിരുന്നു. എന്നാൽ സമീപ ദിവസങ്ങളിൽ എണ്ണം വർദ്ധിച്ചതിനാൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അഞ്ച് നായ്‌ക്കളെയാണ് ഇവിടെ നിന്നും കാണാതായതെന്ന് പ്രദേശവാസികൾ പറയുന്നു.
പുലികളും കടുവകളും പ്രദേശത്ത് രാത്രി സഞ്ചാരം പതിവാണ്. ഇതിനാൽ നായകൾ ഇവയ്‌ക്കിരയായതാകാം എന്ന സംശയത്തിലാണ് നാട്ടുകാർ. സംഭവം നടക്കുന്നത് രാത്രിയിൽ ആയതിനാൽ തന്നെ വന്യമൃഗമാണോ എന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. വീടിന് പുറത്ത് കൂട്ടിലുള്ള നായകളെയാണ് പതിവായി കാണാതാകുന്നത്.
സംഭവത്തിന് പിന്നാലെ വനപാലകരെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തിയപ്പോൾ കാൽപ്പാടുകൾ അല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. നിലവിൽ സന്ധ്യയാകുമ്പോൾ നായകളെ വീടിന് പുറത്തിറക്കാൻ ഭയപ്പെടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.















