ടെൽഅവീവ്: ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. സേനയിലെ സൈനികരെ ഒന്നടങ്കം ഗാസയിൽ വിന്യസിച്ചുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ നടത്തിയ ആക്രകമണങ്ങൾക്ക് ശേഷം പ്രദേശത്തിന്റെ നിയന്ത്രണം തിരികെ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഹമാസിനെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗാസ ഒരിക്കലും ഇനി പഴയ രൂപത്തിലും ഭാവത്തിലും ആകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗാസയിലെ മാറ്റമാണ് ഹമാസ് ആഗ്രഹിച്ചത്. വിചാരിച്ചപോലെ ആ മാറ്റം ഇസ്രായേൽ നടപ്പിലാക്കും. ഇനി ഒരിക്കലും ആക്രമണത്തിനോ യുദ്ധത്തിനോ മുതിരാത്ത വിധത്തിലുള്ള മാറ്റമാകും ഗാസയിൽ ഉണ്ടാകാൻ പോവുക. യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് സൈന്യം പ്രത്യാക്രമണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും തട്ടിയെടുത്ത് പൈശാചികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ഈ കാട്ടാളന്മാർക്കുള്ള മറുപടിയാണ് പ്രത്യാക്രമണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ യുദ്ധം കരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സുപ്രധാന വിവരമാണ് പുറത്തുവരുന്നത്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിർത്തിയിൽ ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഏത് നിമിഷവും ഗാസ അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ലെബനൻ അതിർത്തിയിലും സുരക്ഷ കടുപ്പിച്ചു. വീണ്ടും അക്രമം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കുനേരെയാണ് ആക്രമണം ഉണ്ടായത്. പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് നുഴഞ്ഞു കയറിയ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം ഇസ്രായേലിലേക്ക് കയറാൻ ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു.
ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് ഇസ്രായേൽ പ്രതിരോധ വക്താവ് പറഞ്ഞു. ഹമാസ് തുടങ്ങി വെച്ചു, അവസാനിപ്പിക്കുന്നത് ഞങ്ങളാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാനായി മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച ആരംഭിച്ചതായി യുഎസ് അറിയിച്ചു.















