ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങൾക്ക് താങ്ങാനാകാത്ത കടം അപകടമുണ്ടാക്കുമെന്ന് എസ് ജയശങ്കർ. മേഖലയിലെ ചൈനയുടെ ഇടപെടലിനെ കുറിച്ചാണ് ജയശങ്കറിന്റെ വാക്കുകൾ. ഹിഡൻ അജണ്ടകളും പ്രായോഗികമല്ലാത്ത പദ്ധതികളും താങ്ങാനാകാത്ത കടവും ഇന്ത്യൻ മഹാസമുദ്ര മേഖലയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബോയിൽ നടന്ന ഐഒആർഎയുടെ മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസുധൈവ കുടുംബകം എന്ന ഇന്ത്യയുടെ സന്ദേശത്തിന് ഐഒആർഎ അംഗങ്ങൾക്കിടയിൽ ഒരു ബന്ധമായി പ്രവർത്തിക്കാൻ കഴിയും. വിപുലമായ തീരപ്രദേശവും സമുദ്ര താൽപ്പര്യങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ, ഇന്ത്യൻ മഹാസമുദ്രത്തിൽ സഹകരണവും സംഭാഷണവും വളർത്തുന്നതിന്റെ പ്രാധാന്യത്തെ ഇന്ത്യ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വം, പരസ്പരസമൃദ്ധി, പ്രാദേശിക സഹകരണം തുടങ്ങിയ ആശയങ്ങളിൽ വേരൂന്നിയതാണ്. സമുദ്ര സമ്പദ്വ്യവസ്ഥ, വിഭവങ്ങൾ, കണക്റ്റിവിറ്റി, സുരക്ഷ എന്നിവയുടെ വിവിധ വശങ്ങളിൽ ഐഒആർഎ അംഗങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആപത്തുകൾ എവിടെയാണെന്ന് നമുക്ക് വ്യക്തമായിരിക്കണം. അത് മറഞ്ഞിരിക്കുന്ന അജണ്ടകളിലായാലും, പ്രായോഗികമല്ലാത്ത പദ്ധതികളിലായാലും, താങ്ങാനാവാത്ത കടത്തിലായാലും. അനുഭവങ്ങളുടെ കൈമാറ്റം, മികച്ച പ്രവർത്തനങ്ങളുടെ പങ്കുവയ്‌ക്കൽ, കൂടുതൽ അവബോധവും ആഴത്തിലുള്ള സഹകരണവുമാണ് ഇവയ്‌ക്കുള്ള പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ കീഴിൽ ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ നിരവധി രാജ്യങ്ങളെ കടബാധ്യത ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ രാജ്യങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്ന 23 അംഗ ഗ്രൂപ്പുമായി സംഭാഷണ പങ്കാളി എന്ന നിലയിൽ ചൈനയ്‌ക്ക് അടുപ്പമുണ്ട്. ഈ വിഷയത്തെ ചൂണ്ടികാണിച്ചാണ് ജയശങ്കറിന്റെ വാക്കുകൾ. കടബാദ്ധ്യതയുടെ പേരിൽ കാലങ്ങളോളം ആ രാജ്യത്തിനെ അടക്കി നിർത്താൻ ചൈന ശ്രമിക്കുന്നതിന്റെ തെളിവുകൾ നിരവധിയുണ്ട്.