ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 99 രൂപ നിരക്കിൽ സിനിമ കാണുന്നതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 13-നാണ് 99 രൂപയ്‌ക്ക് സിനിമാ കാണുന്നതിനുള്ള അവസരം ഒരുങ്ങുന്നത്. മൾട്ടി മൾട്ടിപ്ലക്‌സ്് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ നാലായിരത്തിൽ അധികം സ്‌ക്രീനുകളിൽ ഈ ഓഫർ ലഭ്യമായിരിക്കും.
മൾട്ടിപ്ലക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം എന്നിങ്ങനെയുള്ള മൾട്ടിപ്ലക്‌സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാകുന്നത്. കൂടാതെ ബുക്ക്‌മൈഷോ, പേടിഎം എന്നീ സിനിമാ ബുക്കിംഗ് ആപ്പുകളിലും 99 രൂപയ്‌ക്ക് ടിക്കറ്റ് ലഭ്യമായി തുടങ്ങി.
ഒക്ടോബർ 13-ന് ഏത് സമയത്തും ഈ തുകയ്‌ക്ക് സിനിമ കാണാൻ സാധിക്കും. എന്നാൽ ബുക്കിംഗ് ആപ്പുകളിൽ 99 രൂപയ്‌ക്ക് പുറമെ അധിക ബുക്കിംഗ് ചാർജ് ഈടാക്കിയേക്കും. കൂടാതെ ഐമാക്‌സ്, 4ഡിഎക്‌സ്, റിക്ലൈനർ എന്നീ പ്രീമിയം വിഭാഗങ്ങൾക്കും ഓഫർ ലഭ്യമാകില്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഓഫർ ലഭ്യമല്ല.















