ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്വീകാര്യതയെ പുകഴ്‌ത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഈ അടുത്തിടെ ലഭിച്ച പാസ്‌പോർട്ടുമായി വിദേശ രാജ്യങ്ങളിലെത്തുമ്പോൾ വലിയ സ്വീകരണവും ആദരവുമാണ് തനിക്ക് ലഭിക്കുന്നത് എന്നാണ് താരം പറഞ്ഞത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും നടൻ പറഞ്ഞു. ഈ നേട്ടങ്ങളിൽ തനിക്ക് അഭിമാനമുണ്ടെന്ന് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
‘എയർപോർട്ടുകളിൽ ഇന്ത്യൻ പാസ്‌പോർട്ട് കാണുമ്പോൾ വലിയ ആദരവാണ് ലഭിക്കുന്നത്. ഭാരതം ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നതിന്റെ തെളിവാണ് ഇത്. വിദേശത്ത് എത്തുമ്പോൾ പാസ്‌പോർട്ടിലൂടെ വലിയ ആദരവ് ലഭിക്കുന്നു. നിങ്ങൾ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്നാണ് അവിടെയുളളവർ ചോദിക്കുന്നത്.’ – അക്ഷയ് കുമാർ പറഞ്ഞു.
മിഷൻ റാണിഗഞ്ച് എന്ന ചിത്രമാണ് അവസാനമായി അക്ഷയ് കുമാറിന്റേതായി റിലീസായത്. 1989-ൽ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കൽക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എൻജിനീയർ ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥ പറയുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബർ ആറിനായിരുന്നു.