തേജസിന്റെ ട്രെയിലറിന് പിന്നാലെ റഫാൽ യുദ്ധവിമാന പൈലറ്റിനെ കണ്ടുമുട്ടി കങ്കണ. തേജസ് എന്ന ആക്ഷൻ പാക്ക് ചിത്രത്തിന്റെ ട്രെയിലറിന് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. എയർഫോഴ്‌സ് പൈലറ്റായ തേജസ് ഗിൽ എന്ന പ്രധാനകഥാപാത്രത്തെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യ വനിതാ റഫാൽ യുദ്ധവിമാന പൈലറ്റായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗിനെ കാണാനുള്ള അവസരം താരത്തിന് ലഭിച്ചു. സൈന്യത്തിലെ ഏക വനിതാ പൈലറ്റാണ് ശിവാംഗി സിംഗ്.
തേജസ് എന്ന ചിത്രത്തിൽ കങ്കണ റണാവത്ത് ഒരു എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ട്രെയിലർ പുറത്തുവന്നതോടെ യഥാർത്ഥ എയർഫോഴ്‌സ് പൈലറ്റായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗുമായുള്ള കൂടിക്കാഴ്ച കൂടുതൽ മാറ്റുകൂട്ടി. ഇരുവരുടെയും സംസാരത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് റോണി സ്‌ക്രൂവാലയെക്കുറിച്ചും കങ്കണ പരാമർശിച്ചു. ദേശസ്‌നേഹം വളരെയധികമുള്ള വ്യക്തിത്വമാണ് അദ്ദേഹമെന്ന് കങ്കണ പറഞ്ഞു.
സർവേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒക്ടോബർ 27-ന് ചിത്രം തീയേറ്ററുകളിൽ എത്തും. തേജസിന് പിന്നാലെ കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ എമർജൻസി ഉൾപ്പെടെ നിരവധി ചിത്രങ്ങൾ പ്രദർശനത്തിനെത്താനുണ്ട്.















