അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്‌ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും നവഗ്രഹ വിഗ്രഹങ്ങളുടെ ഘോഷയാത്ര ഇന്ന് രാവിലെ പുറപ്പെട്ടു. പത്മനാഭപുരം തേവരക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിനോടനുബന്ധിച്ച് കൊട്ടാരത്തിൽ ഉപ്പിരിക്കൽ മാളികയിൽ വെച്ച് ഇന്ന് രാവിലെ എട്ട് മണിയോടെ ആചാരപ്രകാരം ഉടവാൾ കൈമാറ്റം നടന്നു.
തേവാരപ്പുരയിലെ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ചിരുന്ന ഉടവാൾ കേരള പുരാവസ്തു ഡയറക്ടർ ദിനോശൻ മന്ത്രി കെ രാധാകൃഷ്ണന് നൽകി. ശേഷം ഉടവാൾ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണർ രത്‌നവേൽ പണ്ഡിയന് നൽകി. ഇതിന് പിന്നാലെയാണ് ഘോഷയാത്രയിൽ വാളുമായി അകമ്പടി പോകുന്ന ദേവസ്വം മാനേജർ മോഹനകുമാറിന് നൽകി.
മഹാരാജാവ് ഘോഷയാത്ര അനുഗമിക്കുന്നു എന്നതിന്റെ പ്രതീകമായാണ് ഉടവാൾ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോൾ തിരുവിതാംകൂർ രാജകുടുംബം ഉടവാൾ ഏറ്റുവാങ്ങും. കോട്ടയ്‌ക്കകത്തെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന പൂജവെപ്പിൽ ഉടവാൾ പൂജിക്കും. ഉടവാൾ കൈമാറ്റ ചടങ്ങിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു.















