തിരുവനന്തപുരം: അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്‌ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുമുള്ള നവരാത്രി ഘോഷയാത്രകൾ ഇന്ന് കേരള അതിർത്തിയിൽ എത്തും. കേരള അതിർത്തിയായ പാറശ്ശാലയിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും.
ഗവർണർ, മന്ത്രിമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരിക്കും സ്വീകരണം. കേരളത്തിൽ എത്തുന്ന ഘോഷയാത്ര ഇന്ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തങ്ങും. നാളെ തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസമാണ് തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചത്. പദ്മനാഭപുരം തേവരക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിനോടനുബന്ധിച്ച് കൊട്ടാരത്തിൽ ഉപ്പിരിക്കൽ മാളികയിൽ വെച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെ ആചാരപ്രകാരം ഉടവാൾ കൈമാറ്റം നടന്നു.
മഹാരാജാവ് ഘോഷയാത്രയെ അനുഗമിക്കുന്നു എന്നതിന്റെ പ്രതീകമായാണ് ഉടവാൾ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോൾ തിരുവിതാംകൂർ രാജകുടുംബം ഉടവാൾ ഏറ്റുവാങ്ങും. കോട്ടയ്‌ക്കകത്തെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന പൂജവെപ്പിൽ ഉടവാൾ പൂജിക്കും.















