എറണാകുളം: സുരേഷ് ഗോപി പങ്കെടുക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വിതരണച്ചടങ്ങില്‍നിന്ന് പു.ക.സ. എം.കെ സാനുവിനെ വിലക്കിയിരുന്നു. ഇപ്പോള്‍ ആ എം.കെ സാനുവിന്റെ ചിരകാല അഭിലാഷം നിറവേറ്റുകയാണ് സുരേഷ് ഗോപി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് കാണണമെന്ന പ്രൊഫ. എം.കെ. സാനുവിന്റെ ആഗ്രഹമാണ് മുന്‍ എംപി സഫലമാക്കുന്നത്. ഡിസംബര്‍ ഒന്നിന് അദ്ദേഹത്തെ വിക്രാന്തിലെത്തിക്കുമെന്നാണ് സുരേഷ് ഗോപിയുടെ വാക്ക്.
പുരസ്‌കാര വേദിയില്‍ എനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാന്‍ തിരികെപ്പിടിക്കുമെന്നാണ് താരം ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് എം.കെ. സാനു അത് കാണണമെന്ന ആഗ്രഹം സുരേഷ് ഗോപിയോട് പ്രകടിപ്പിച്ചത്. പിന്നാലെ താരം പ്രധാനമന്ത്രിയെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു. സന്ദര്‍ശനത്തിനുള്ള അവസരമൊരുക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കി.
കേരളപ്പിറവിയില്‍ സാനു മാഷുമായി വിക്രാന്തിലെത്തുന്നതിനായിരുന്നു ആദ്യ ശ്രമം. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി കപ്പല്‍ ഡ്രൈ ഡോക്കിലായതിനാല്‍ സന്ദര്‍ശനം ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.















