ന്യൂഡൽഹി: എയർക്രാഫ്റ്റ് ബിസിനസ് ക്ലാസിന് സമാനമായി പുതിയ എസി ഒന്നാം കോച്ചിന്റെ ഡിസൈൻ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പുതിയ എസി ഒന്നാം കോച്ചിന്റെ രൂപകൽപ്പനയാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പേർക്ക് മുഖാമുഖം ഇരിക്കാനാകുന്ന തരത്തിലാണ് സീറ്റിന്റെ നിർമ്മാണം. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയാണ് അടുത്തിടെ എസി ഒന്നാം കോച്ചുകളുടെ ചിത്രങ്ങൾ പങ്കുവെച്ചത്.
പനോരമിക് വിൻഡോകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു കോച്ച് ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്യുന്നത്. എസി കോച്ചിന്റെ ഒരു വശം ബർത്തും മറുവശം ഇടനാഴി ഏരിയയുമായാണ് നിർമ്മിച്ചിരിക്കുന്നത്. കോച്ചിന്റെ ഇരുവശങ്ങളിലുമായി രണ്ട് ബർത്തുകളുള്ള കൂപ്പുകൾക്ക് വഴിയൊരുക്കുന്നതിനാണ് ഇടനാഴിയെ മദ്ധ്യഭാഗത്താക്കിയത്. ഇതിന്റെ മുകളിലും താഴെയുമായി രണ്ട് പനോരമിക് ജനാലകളാണ് ഉള്ളത്. പുതിയ എസി കോച്ചുകളിൽ 30 ബെർത്തുകളാണ് ഉണ്ടാകുക.
സാധാരണയായി ഒരു വശത്ത് ഇടനാഴിയും മറുവശത്ത് ക്യാബിനുമാണ് ഉള്ളത്. ക്യാബിനുള്ളിൽ സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത് കുറുകെയാണ്. എന്നാൽ പുതിയതായി രൂപകൽപ്പന ചെയ്തിരിക്കുന്ന കോച്ചിൽ ഇടനാഴിയുടെ മദ്ധ്യഭാഗത്ത് വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഇത് യാത്രികർക്ക് മനോഹരമായ പുറം കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കും. പകൽ സമയങ്ങളിൽ രണ്ട് പേർക്കാണ് എസി ഒന്നാം കൂപ്പിൽ ഇരിക്കാൻ സാധിക്കുക. രാത്രിയിൽ സീറ്റുകൾ ഒരു ബെർത്തിലേക്ക് മാറ്റാവുന്നതാണ്. ഒരാൾക്ക് താഴെയുള്ള ബർത്തിലും മറ്റൊരാൾക്ക് മുകളിലുള്ള ബെർത്തിലും കിടക്കാനാകും. സാധാരണ ഗതിയിൽ രണ്ട് പേർക്ക് താമസിക്കാൻ സാധിക്കുന്ന കൂപ്പുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇതിനാലാണ് കൂടുതൽ ഭംഗിയോടെ ഇത് രൂപകൽപ്പന ചെയ്യുന്നത്.















