കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ. ഒന്നാം പ്രതി സതീഷ് കുമാറിന്റെ 24 വസ്തുവകകൾ കണ്ടുകെട്ടി. സതീഷ്കുമാറിന്റെയും, ഭാര്യയുടെയും 46 അക്കൗണ്ടുകൾ മരവിപ്പിച്ചു. പിആർ അരവിന്ദാക്ഷന്റെ 4 അക്കൗണ്ടുകൾ കണ്ടു കെട്ടുകയും സി.കെ ജിൽസിന്റെ 3 അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
കരുവന്നൂർ തട്ടിപ്പിൽ രേഖകളുടെ പരിശോധനയിലേക്ക് കടന്നിരിക്കുകയാണ് ഇഡി. കേസിൽ ഓഡിറ്റ് രേഖകളാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂരിന് പുറമെ മറ്റ് നിരവധി സഹകരണ ബാങ്കുകളിലെയും ഓഡിറ്റിംഗ് സംബന്ധിച്ച വിവരങ്ങൾ സഹകരണ സംഘം രജിസ്ട്രാർ ഹാജരാക്കിയിട്ടുണ്ട്. ഓഡിറ്റിംഗിൽ ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഇതിനൊപ്പം സ്വത്ത് കണ്ടു കെട്ടുന്ന നടപടികൾ കൂടി ഇഡി തുടങ്ങിയിരിക്കുകയാണ്. കേസിൽ പ്രതിക്കൂട്ടിലായ സിപിഎം പ്രതിരോധത്തിന്റെ വഴിയെ തന്നെ നീങ്ങുകയാണ്. ഇതിന് ഇടതുസംഘടനകളെയാകെ മറയാക്കുകയും ചെയ്യുന്നുണ്ട്. എൽഡിഎഫിന്റെ സഹകരണ സംരക്ഷണ ജനകീയ സംഗമം ഇന്ന് വൈകീട്ട് 4ന് തൃശൂരിൽ നടക്കും.
കരുവന്നൂരിലെ നിക്ഷേപകരെ തണുപ്പിക്കാനുള്ള പൊടിക്കൈകൾ പാളിയതിന് പിന്നാലെ പ്രതിരോധം തീർക്കാൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചു. നിക്ഷേപകരടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്ന സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്രയും സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തി.ഇതിനു പിന്നാലെയാണ് കൂടുതൽ ന്യായീകരണങ്ങൾക്കായി എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള സംഗമത്തിന് വേദിയൊരുങ്ങുന്നത്. തട്ടിപ്പിന്റെ ഒരറ്റം സംസ്ഥാന നേതൃത്വത്തിലേക്ക് നീളുമ്പോൾ അണികൾക്ക് മുന്നിൽ മുഖം രക്ഷിക്കാനുള്ള തന്ത്രമാണ് ഈ അതിവേഗ സംഗമങ്ങളെന്ന് പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും വിമർശനം ഉയർത്തുന്നുണ്ട്.















