തിരുവനന്തപുരം: നവരാത്രി പൂജയ്‌ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച നവരാത്രി ഘോഷയാത്രയ്‌ക്ക് ഗംഭീര സ്വീകരണമാണ് നാടും നഗരവും നൽകുന്നത്. നിലവിൽ പ്രാവച്ചമ്പലം പിന്നിട്ട ഘോഷയാത്ര വൻ ഭക്തജനാവലിയുടെ അകമ്പടിയോടെ പുരോഗമിക്കുകയാണ്.
ആന, വിവിധ ഫ്‌ളോട്ടുകൾ, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്ര പുരോഗമിക്കുന്നത്. തുടർന്ന് കരമന ആവടി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര, അവിടെ ഇറക്കിപൂജയ്‌ക്ക് ശേഷം രാത്രി കോട്ടയ്‌ക്കകത്ത് എഴുന്നള്ളിക്കും. വൈകുന്നേരത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
കഴിഞ്ഞദിവസം സംസ്ഥാന അതിർത്തിയിലെത്തിയ നവരാത്രി ഘോഷയാത്രയ്‌ക്ക് ആചാര പ്രകാരം കേരള സർക്കാരിന്റെ പ്രതിനിധികൾ പ്രൗഢോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഭദ്രദീപം തെളിയിച്ച് സ്വീകരണം ഉദ്ഘാടനം ചെയ്തു. നവരാത്രി ഘോഷയാത്രയ്‌ക്ക് ഇത്തവണ ചരിത്രത്തിലാദ്യമായി വനിതാ പോലീസ് ബറ്റാലിയൻ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.