തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ പത്മനാഭസ്വാമിക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ ക്ഷേത്ര തന്ത്രി ധ്വജാരോഹണം നടത്തിയതോടെയാണ് പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഇക്കൊല്ലത്തെ അല്പശി ഉത്സവത്തിന് തുടക്കമായത്. ഇതോടെ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമായി. തുലാമാസത്തിലെ അത്തം നക്ഷത്രത്തിൽ ആരംഭിച്ച് തിരുവോണത്തിന് ആറാട്ടോടെയാണ് അല്പശി ഉത്സവം സമാപിക്കുന്നത്.
ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ വലിയ കാണിക്ക 21-നും 22-ന് പള്ളിവേട്ടയും നടക്കും. 23-നാണ് ശംഖുമുഖം കടപ്പുറത്ത് ആറാട്ട് നടക്കുക. ഇതോടെ ഉത്സവത്തിന് സമാപനമാകും. സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് ഇക്കുറി ആറാട്ട് ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ നിന്നും പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഉത്സവ നാളുകളിൽ ക്ഷേത്രദർശനത്തിന്റെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ മൂന്നര മുതൽ 4.45 വരെ ദർശനം നടത്താം. 6.30 മുതൽ 7 വരെയും രാവിലെ ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിച്ചിട്ടുണ്ട്. എട്ടര മുതൽ ആരംഭിക്കുന്ന ദർശനസമയം 8.50 വരെ അനുവദിക്കും. പിന്നീട് 10.30 മണിക്ക് ശേഷമാണ് ദർശനത്തിന് അനുമതി.