മലപ്പുറം: രണ്ടാം വന്ദേഭാരത് എക്‌സപ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. തിരൂരിലേക്കുള്ള ടിക്കറ്റ് ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണം. കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിൽ ഈ മാസം അവസാനം വരെയും ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാണ്. ഉയർന്ന നിരക്ക് നൽകി ബുക്ക് ചെയ്യേണ്ട എസി എക്‌സിക്യൂട്ടീവ് ക്ലാസിലെ സ്ഥിതിയും ഇതുതന്നെ.
തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 1,955 രൂപയാണ് ഇസി നിരക്കായി നൽകേണ്ടത്. നിരക്ക് കുറവുള്ള എസി ചെയർകാറിൽ 26,27 എന്നീ ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റുള്ളത്. വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമാണ് ഇതിലും ബാക്കിയുള്ളത്. മിക്ക ദിവസങ്ങളിലും 100 മുകളിലാണ് വെയിറ്റിംഗ് ലിസ്റ്റ്. തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എസി ചെയർകാറിൽ 1,100 രൂപയാണ് നിരക്ക്. തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്‌സ്പ്രസിലും ഈ മാസം അവസാനം വരെയും തിരൂരിലേക്ക് ടിക്കറ്റ് ഫുൾ ആയിരിക്കുകയാണ്.
തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബാക്കിയുള്ള ട്രെയിനുകൾ എട്ടര മുതൽ ഒമ്പത് മണിക്കൂർ വരെ യാത്രാ സമയം എടുക്കുന്നുണ്ട്. എന്നാൽ വന്ദേഭാരതിന് 5.41 മണിക്കൂർ മതി ഇവിടെയെത്താൻ എന്നത് ഇതിനെ കൂടുതൽ ജനപ്രീയമാക്കി. ടിക്കറ്റ് നിരക്ക് കൂടുതലായിട്ട് പോലും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതിന് പിന്നിലെ കാരണം ഇതുതന്നെ.















