തിരുവനന്തപുരം: സംസ്ഥാന സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന കായിക താരങ്ങളുടെ ആരോപണങ്ങളിൽ മുഖം മിനുക്കാൻ സർക്കാർ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ സർക്കാർ അനുമോദിക്കാൻ തയ്യാറായിരിക്കുകയാണ്. ഈ മാസം 19ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അനുമോദന ചടങ്ങ് നടക്കുക. ഇതിനായി കായികതാരങ്ങളെ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ച് തുടങ്ങി. ഇതിന് മുന്നോടിയായി 18ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ താരങ്ങൾക്കുളള പാരിതോക്ഷികവും സർക്കാർ തീരുമാനിക്കും. നേരത്തെ പാരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയപ്പോൾ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം.രാജ്യത്തിനായി 13 ഇനങ്ങളിൽ മലയാളി താരങ്ങൾ കളത്തിലിറങ്ങി. 11 മെഡലുകളുമായാണ് അവർ തിരികെ കെയറിയത്. ഹോക്കിയിൽ ഒളിമ്പിക്‌സ് ടിക്കറ്റോടെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ ഗോൾവല കാത്തത് പി.ആർ. ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ നാലു പേരിൽ മൂന്നും മലയാളികളായിരുന്നു. മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്. ഇതിൽ അജ്മൽ മിക്‌സഡ് റിലേയിൽ വെള്ളിയും നേടി. സ്‌ക്വാഷിൽ സ്വർണമടക്കം ഇരട്ട നേട്ടവുമായി ദീപിക പള്ളിക്കലും തിളങ്ങി, ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിയും രണ്ട് മെഡൽ നേടി. ക്രിക്കറ്റിൽ മിന്നു മണിയും മലയാളി സാന്നിദ്ധ്യമായി, ലോംഗ് ജംപ് താരങ്ങളായ എം. ശ്രീശങ്കർ ആൻസി സോജൻ എന്നിവരും മുഹമ്മദ് അഫ്‌സൽ (അത്‌ലറ്റിക്‌സ്), എം.ആർ. അർജുൻ (ബാഡ്മിന്റൺ), ജിൻസൻ ജോൺസൺ (അത്‌ലറ്റിക്‌സ്) എന്നിവരും കേരളത്തിന് അഭിമാനമായി.
സംസ്ഥാന സർക്കാരിന്റെ അവഗണനയെ തുടർന്ന് ഇനി മുതൽ കേരളത്തിനായി മത്സരിക്കില്ലെന്ന് ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ് വ്യക്തമാക്കിയിരുന്നു. പിന്നാലെ കോമൺവെൽത്ത് മേഡൽ ജേതാക്കളായ എൽദോസ് പോളും അബ്ദുളള അബുബക്കറും കേരളം വിടുമെന്ന് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. പഞ്ചായത്ത് ജനപ്രതിനിധികൾ പോലും തിരിഞ്ഞ് നോക്കിയില്ല, ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷം ബംഗാൾ ഗവർണർ സിവി ആനന്ദബോസ് മാത്രമാണ് തന്നെ കാണാനായി എത്തിയതെന്ന് പറഞ്ഞ് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി.ആർ ശ്രീജേഷും രംഗത്തെത്തിയിരുന്നു. ഒഡീഷയും തമിഴ്‌നാടും ഹരിയാനമുൾപ്പെടെയുളള സംസ്ഥാനങ്ങൾ കായിക താരങ്ങളെ ചേർത്തുപിടിക്കാനായി പാരിതോഷികങ്ങളും ജോലിയും മെഡൽ നേട്ടത്തിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളം ഇപ്പോഴാണ് ഇതിന് തയ്യാറാകുന്നത്.















