ജീവിതത്തിലെ പരാജയങ്ങളിൽ നിന്നും പഠിച്ച് അപകടസാദ്ധ്യതകൾ മനസിലാക്കി മുന്നേറണമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ചന്ദ്രയാൻ-2 പരാജയപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ചന്ദ്രയാൻ-3ന് വേണ്ടിയുള്ള പദ്ധതികൾ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-2ന്റെ പരാജയം നേരിട്ടപ്പോൾ നിശബ്ദരായി മൗനം പാലിക്കാൻ തയാറായിരുന്നില്ല. അടുത്ത ദിവസം തന്നെ ചന്ദ്രയാൻ-3ന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അനുമതി തേടി. ചന്ദ്രയാൻ-2ൽ ഏത് തരത്തിലുള്ള പിഴവാണ് സംഭവിച്ചതെന്ന് മനസിലാക്കി. ഈ സമയം മനസിൽ ഒരു തരി സന്തോഷം പോലും ഇല്ലായിരുന്നെങ്കിലും വീണ്ടും പ്രയത്‌നിക്കാൻ തീരുമാനിച്ചു. ഇതേ തുടർന്നുണ്ടായ പരിശ്രമത്തിന്റെ അവസാനമാണ് ചന്ദ്രയാൻ-3യുടെ വിജയം. ഇതിൽ നിന്നും ഞങ്ങൾ പഠിച്ച ഒരു പാഠമുണ്ട്. പരാജയത്തിൽ നിന്നും എങ്ങനെ പഠിച്ചു മുന്നേറാമെന്നും, പരാജയത്തെ എങ്ങനെ കീഴടക്കി വിജയം കൈവരിക്കാമെന്നും.-അദ്ദേഹം പറഞ്ഞു.
തൊഴിൽ അവസരങ്ങൾ അന്വേഷിക്കുന്നവരേക്കാൾ തൊഴിൽ സൃഷ്ടിക്കുന്നവരാകാനാണ് യുവതലമുറയുടെ ആഗ്രഹം. ഇസ്രോ ഇതിന് വേണ്ടിയുള്ള പരിഷ്‌കാരങ്ങൾ നടത്തുവാൻ പ്രാപ്തരാകുകയാണ്. ബഹിരാകാശ മേഖല സ്വകാര്യ വ്യക്തികൾക്കും കൈകടത്താവുന്ന മേഖലയായി മാറി. ലോകത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരാൾ പുറപ്പെടുമ്പോൾ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പരാജയ ഭയത്തെ എങ്ങനെ കീഴടക്കാം, അപകടസാദ്ധ്യതകൾ മുൻകൂട്ടി കാണുക, പുതിയ ചിന്തകളെ ഉയർത്തിക്കൊണ്ടു വരിക എന്നിവയാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് സമുദ്രത്തിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ചാടണം. അല്ലാതെ തിരമാലകൾ എത്തുന്നത് വരെ കാത്തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















