ടെൽഅവീവ: ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇന്ത്യൻ പൗരന്മാരുമായി മൂന്നാമത്തെ വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു. ടെൽഅവീവ വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്. നാളെ പുലർച്ചെ നാല് മണിയ്‌ക്ക് വിമാനങ്ങൾ ഡൽഹിയിലെത്തും. രണ്ട് വിമാനങ്ങളാണ് സർവീസ് നടത്തുക.
ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. 212 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയിരുന്നു. ഇതിൽ 33 മലയാളികളുൾപ്പെടെ 235 പേരാണുണ്ടായിരുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 18,000 ഇന്ത്യൻ പൗരന്മാരാണ് ഇസ്രായേലിലുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാനായി എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുന്നത്. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തുന്നത് വരെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് കേരള ഹൗസിന്റെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.















