ഹമാസിന്റെ കൊടുംഭീകരരെ ഓരോന്നായി കൊന്നൊടുക്കി ഇസ്രായേൽ സൈന്യം. ഹാമാസിന്റെ നുഖ്ബ യൂണിറ്റിന്റെ കമാൻഡർ അൽ-ഖേദ്ര ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് രഹസ്യന്വേഷണ ഏജൻസി വ്യക്തമാക്കി. ഐഡിഎഫ് ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇസ്രായേൽ അതിർത്തി ഗ്രാമങ്ങളായ നിരിം, നിർ ഓസ് എന്നിവിടങ്ങളിൽ നടത്തിയ കൂട്ടക്കൊരുതിയ്‌ക്ക് നേതൃത്വം നൽകിയ തലവനാണ് കൊല്ലപ്പെട്ടത്.
ഇസ്രായേലിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരിൽ പലരെയും ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. കമാൻഡോ സേനയിലെ കമാൻഡറെയും മിലിട്ടറി ഇന്റലിജൻസ് മേധാവിയെയും സേന വധിച്ചതായി അറിയിച്ചു. കൊടും ഭീകരൻ അലി ഖാദിയെയാണ് ഇസ്രായേൽ പ്രതിരോധ സേന വധിച്ചത്. ഇസ്രായേൽ പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 2005-ൽ ഖാദിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2011-ൽ ഗിലാദ് ഷാലിത് തടവുകാരെ മാറ്റുന്നതിന്റെ ഭാഗമായി ഗാസയിലേക്ക് അലി ഖാദിയെ കൈമാറിയിരുന്നു. ഇസ്രായേലിലെ മിസൈൽ ആക്രമണം ആസൂത്രണം ചെയ്തവരിൽ മുൻനിരയിലുണ്ടായിരുന്ന ഭീകരനായിരുന്നു ഇയാൾ.
ഗാസയ്‌ക്കെതിരെ ത്രിതല ആക്രമണത്തിനാണ് ഇസ്രായേൽ ഒരുങ്ങുന്നത്. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈനിക നടപടി പൂർത്തിയാകുമ്പോൾ ഗാസയുടെ വിസ്തൃതി കുറയും. ഇസ്രായേലിന്റെ സുരക്ഷയ്‌ക്കായി ഗാസ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കും. അവിടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും. ഇസ്രായേൽ മന്ത്രി ഗിഡിയോൺ സാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.















